ഇന്ന് വിദ്യാഭ്യാസ മേഖല ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ദ്രുതഗതിയിലുള്ള പുരോഗതിക്കൊപ്പം, പഠനാനുഭവം മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും വർദ്ധിച്ചുവരികയാണ്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) ആവിർഭാവം വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്നു. കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതവും സാങ്കേതിക പിന്തുണയുള്ളതും സംവേദനാത്മകവുമായ പഠന അന്തരീക്ഷത്തിന് വഴിയൊരുക്കി അതിന്റെ പ്രയാണംതുടുന്നു. പരമ്പരാഗത രീതികൾക്കുപകരം, അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ഉൾക്കൊള്ളുന്ന പഠനപ്രക്രിയയാണ് പുതിയകാലത്തേത്. പഠിതാക്കളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും വ്യക്തിഗതമായ പഠനാനുഭവം സൃഷ്ടിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയിലൂന്നിയ അധ്യാപനമാതൃകകൾ അധ്യാപകർ സ്വീകരിക്കണം.
വിദ്യാഭ്യാസത്തിലെ ടെക്നോളജിയധിഷ്ഠിതമായ ഈ പരിവർത്തനം അധ്യാപകരുടെ മാത്രം ഉത്തരവാദിത്തമല്ല. കുട്ടികളുടെ പഠന യാത്രയെ പിന്തുണയ്ക്കുന്നതിൽ മാതാപിതാക്കൾ നിർണായക പങ്ക് വഹിക്കുന്നു. ഡിജിറ്റൽ സാക്ഷരത, വിമർശനാത്മക ചിന്താശേഷി, ധാർമ്മിക മൂല്യങ്ങൾ, ആജീവനാന്ത പഠിതാവാകുവാനുള്ള അഭിനിവേശം എന്നിവ വികസിപ്പിക്കാൻ മാതാപിതാക്കൾക്ക് കുട്ടികളെ സഹായിക്കാനാകും. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിലൂടെയും സഹകരണത്തോടെയുള്ള ശ്രമങ്ങളിലൂടെയും നമ്മുടെ കുട്ടികൾക്ക് സമഗ്രമായ വിദ്യാഭ്യാസ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (National Education Policy) ചുവടുപിടിച്ച് നവലോകസാധ്യതകളെ അതിന്റെ പരമാവധിയിൽ തേടുന്നതിന് വിദ്യാത്ഥിസമൂഹത്തെ തയ്യാറാക്കണം.
അനുദിനം മത്സരാധിഷ്ഠിതമായി മാറുന്ന തൊഴിൽ രംഗത്ത് അവർ മതിയായ നൈപുണ്യം നേടിയെടുക്കേണ്ടതുണ്ട്. ഒരു തൊഴിൽ ലക്ഷ്യം വെച്ച് മാത്രം പഠിക്കുന്നതിനു പകരം അഭിരുചിയുള്ള മേഖലയിൽ പരമാവധി അറിവ് നേടുകയും അത്തരം അറിവുകളെ തൊഴിലധിഷ്ഠിതമായി പരിശീലിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അഭികാമ്യം.
തൊഴിൽ നേടുന്നതോടെ അവസാനിക്കുന്നതല്ല അറിവുസമ്പാദനം എന്നും തൊഴിൽ അറിവുല്പാദനത്തിന്റെ അനേകം ലക്ഷ്യങ്ങളിലൊന്നു മാത്രമാണെന്നും നമ്മുടെ കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ തൊഴിൽ ലഭിച്ചതിനു ശേഷവും അവർ ആജീവനാന്തപഠിതാക്കളായി മാറുകയുള്ളൂ. എങ്കിൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥലക്ഷ്യം സമഗ്രമായ വ്യക്തിത്വവികസനമാണെന്ന കാഴ്ചപ്പാട് സാർത്ഥകമാവുകയുള്ളൂ.